Sunday 13 November 2011

പാകിസ്ഥാനിലെ ഇന്ത്യന്‍ കുട്ടി

എന്‍ എസ് സജിത്
തിരുവനന്തപുരത്തെ വലിയ പകിട്ടൊന്നുമല്ലാത്ത ഹോട്ടലിന്റെ റിസപ്ഷനില്‍നിന്ന് മുഖവുരയൊന്നും കൂടാതെ 206-ാം മുറിയിലേക്ക് വിളിച്ചപ്പോള്‍ വല്ലാത്ത അസ്വസ്ഥതയോടെയായിരുന്നു മറുതലയ്ക്കല്‍നിന്നുള്ള പ്രതികരണം. മുന്‍കൂര്‍ അനുമതി വാങ്ങതെ അഭിമുഖം തേടി ചെന്ന ധിക്കാരത്തോടുള്ള കലമ്പലായിരുന്നില്ല അതെന്ന് പിന്നീടാണ് മനസ്സിലായത്. വര്‍ഷങ്ങള്‍ക്കുശേഷം ജന്മനാട്ടില്‍ വന്നശേഷം തുടരെത്തുടരെയുള്ള ഇന്റലിജന്‍സുകാരുടെ 'ക്ഷേമാന്വേഷണങ്ങളി'ല്‍ അത്രയേറെ പൊറുതിമുട്ടിയിരുന്നു കുട്ടിസാബ്. ദിവസവും മൂന്നു നേരമെങ്കിലും ഐബിയുടെയും സ്പെഷ്യല്‍ ബ്രാഞ്ചിന്റെയും അന്വേഷണം. നാല് രഹസ്യാന്വേഷണ ഏജന്‍സികളുടെ ആളുകളാണത്രെ ദിവസവും എത്തുന്നത്. പാവം ഹോട്ടല്‍ മാനേജര്‍ കമീഷണര്‍ ഓഫീസും കയറേണ്ടിവന്നു. അതുപോലെ എന്തെങ്കിലുമായിരിക്കും ഫോണിന്റെ മറുതലയ്ക്കലെന്നു കരുതിയെന്ന് പടികയറിച്ചെന്നപ്പോള്‍ ക്ഷമാപണം. 62 വര്‍ഷമായി പാകിസ്ഥാനില്‍ കഴിയുന്ന തിരൂര്‍കാരനായ ഈ മുഹാജിര്‍ (അഭയാര്‍ഥി) ഇതെത്ര കണ്ടിരിക്കുന്നു എന്ന ഭാവം. പാകിസ്ഥാനിലെ ശക്തനായ ഇടതുപക്ഷ രാഷ്ട്രീയനേതാക്കളില്‍ ഒരാളാണിതെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കറിയില്ല. പാകിസ്ഥാനിയുടെ മലയാളം കേട്ട് വാപൊളിച്ചുനിന്നുപോയി അന്വേഷകര്‍.

അഭിമുഖത്തിനൊന്നും വയ്യ. ഭക്ഷണം കഴിച്ചിട്ട് രണ്ടരയുടെ ജനശതാബ്ദിക്ക് തിരൂര്‍ക്ക് പോണം. പൊന്‍മുണ്ടത്തും തിരൂരിലുമൊക്കെ സഹോദരിമാരും അവരുടെ മക്കളും മറ്റു ബന്ധുക്കളുമൊക്കെയുണ്ട്. ഇപ്പോള്‍ സമയം ഒന്നേകാല്‍. രണ്ടുമണിവരെ എന്തെങ്കിലും മിണ്ടിയും പറഞ്ഞുമിരിക്കാം. ഭക്ഷണം പതുക്കെയേ കഴിക്കാനാകൂ. കൂടുതല്‍ ചോദ്യവും ഉത്തരവും വേണ്ട. ഒട്ടും മായം കലരാത്ത തിരൂര്‍ ഭാഷയില്‍ തുടങ്ങിയ സംസാരം ഹിന്ദിയിലേക്കും ഉറുദുവിലേക്കും ഇംഗ്ളീഷിലേക്കും പലതവണ മാറിമറിഞ്ഞു. മലയാളത്തിലെ ചില കടുപ്പംകൂടിയ വാക്കുകള്‍ ഉച്ചരിക്കുമ്പോള്‍ പെട്ടെന്ന് സംസാരം നിര്‍ത്തി അഭിമാനത്തോടെ കുട്ടി സാബ് പൊട്ടിച്ചിരിക്കും. 'ഹോ, ഞാനെത്ര ഭംഗിയായാണ് മലയാളം പറയുന്നത്' എന്ന അടിക്കുറിപ്പും. തുഞ്ചത്തെഴുത്തച്ഛന്റെയും വള്ളത്തോളിന്റെയും നാട്ടുകാരന് മലയാളം എങ്ങനെ പിഴയ്ക്കാന്‍.

തിരുവനന്തപുരത്ത് നടന്ന ദ്വിദിന പീപ്പിള്‍സ് സാര്‍ക് ഇന്ത്യന്‍ അസംബ്ളിയില്‍ പാകിസ്ഥാനെ പ്രതിനിധാനംചെയ്ത് എത്തിയതാണ് ബിയ്യത്ത് മൊഹിയുദ്ദീന്‍ കുട്ടി എന്ന ഈ പാകിസ്ഥാന്‍ മലയാളി. മുഴുവന്‍ പേരു പറഞ്ഞാല്‍ പാകിസ്ഥാനില്‍ ഒരു കുട്ടിക്കും മനസ്സിലാകില്ല അദ്ദേഹത്തെ. ബി എം കുട്ടി എന്ന പേരിനാണ് അവിടെ വില.
സംസാരം പലപ്പോഴും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ ഇടപെടലുകളിലേക്ക് നീങ്ങി. തൊട്ടപ്പുറത്തെ മുറിയില്‍ ശ്രീലങ്കക്കാരനായ ഡോക്യുമെന്ററി സംവിധായകന്‍ സോമീതരനാണുള്ളത്. ആ മനുഷ്യന് ഇവിടെ ഒരു സ്വൈരവുമില്ല. ഏതു നേരവും പൊലീസ് അന്വേഷണം- കുട്ടി സാബ് വിഷമത്തോടെ പറഞ്ഞു. സോമീതരന്‍ മുമ്പൊരിക്കല്‍ തിരുവനന്തപുരത്തു വന്ന് മുല്ലൈത്തീവ് സാഗ എന്ന ലഘുചിത്രം പ്രദര്‍ശിപ്പിച്ചതിന്റെ പിറ്റേന്ന് ഇതേക്കുറിച്ച് മാതൃഭൂമിയില്‍ പ്രാധാന്യത്തോടെ വന്ന വാര്‍ത്തയുടെ തലക്കെട്ട് 'തമിഴ് ദേശീയതയ്ക്കായി പ്രചാരണം; തലസ്ഥാനത്ത് അന്വേഷണം തുടങ്ങി' എന്നായിരുന്നു എന്ന് പറഞ്ഞപ്പോള്‍ കുട്ടി സാബിന്റെ മുഖം മ്ളാനമായി. "ഭരണകൂടങ്ങള്‍ എപ്പോഴും അങ്ങനെയാണ്. അവര്‍ക്ക് എപ്പോഴും ശത്രുക്കള്‍ വേണം. ഇന്ത്യക്ക് പാകിസ്ഥാനെന്നപോലെ, പാകിസ്ഥാന് ഇന്ത്യയെന്നപോലെ.''

ഭാവിയെക്കുറിച്ച് തികച്ചും ശ്ളഥമായ ധാരണകള്‍മാത്രമുള്ള ഒരു കാലത്ത് മുംബൈയില്‍നിന്ന് കറാച്ചിയിലേക്ക് വണ്ടികയറിയതാണ് മൊയ്തീന്‍ കുട്ടി. നാട്ടില്‍ പഠനകാലത്ത് കേരള സ്റുഡന്റ് ഫെഡറേഷന്‍ പ്രവര്‍ത്തകനായിരുന്നു മൊയ്തീന്‍കുട്ടി. തിരൂരിലും ചെന്നൈയിലും ആദ്യകാല കമ്യൂണിസ്റ് നേതാക്കളുമായി അടുപ്പം പുലര്‍ത്തിയ വിദ്യാര്‍ഥി. വിഭജനം ഇന്ത്യയെ ആഴത്തില്‍ മുറിവേല്‍പ്പിച്ച കാലത്ത് 1949ല്‍ മുംബൈയിലെ വര്‍ളിയില്‍ ഒരു കുടുംബസുഹൃത്തിനെ കാണാനെത്തിയ മൊയ്തീന്‍കുട്ടി മുന്നും പിന്നും നോക്കാതെ കറാച്ചിയിലേക്ക്. സ്വാതന്ത്യ്രത്തിനുമുമ്പുതന്നെ മലബാറില്‍നിന്ന് പോയ ഒരുപാടു പേര്‍ കറാച്ചിയിലുള്ള കാലമാണത്. ഇരു രാജ്യത്തും പാസ്പോര്‍ട്ടുകള്‍ നിലവില്‍ വരാത്ത കാലമായിരുന്നു അത്. മുംബൈയില്‍നിന്ന് ജോധ്പുര്‍വഴിയാണ് കറാച്ചിയിലെത്തിയത്. കറാച്ചിയിലെ തെരുവുകളില്‍ മൊയ്തീന്‍ കുട്ടി കണ്ടത് വിഭജനത്തിന്റെ ഫലമായി അലയുന്ന മുഹാജിറുകളെയാണ്. മൊയ്തീന്‍കുട്ടിയെയും സുഹൃത്തുക്കളെയും മുഹാജിറുകളായി കറാച്ചി ഇരുകൈയും നീട്ടി സ്വീകരിച്ചു. താന്‍ അന്ന് യഥാര്‍ഥത്തില്‍ മുഹാജിറായിരുന്നോ എന്ന് ബി എം കെ ഇപ്പോഴും സംശയിക്കുന്നു. വര്‍ഗീയ കലാപത്തില്‍നിന്ന് രക്ഷതേടിയെത്തിയ മുഹാജിറായിരുന്നില്ല, ഉറപ്പ്. സ്വയം എടുത്തണിഞ്ഞ അഭയാര്‍ഥി വേഷമായിരുന്നില്ലേ അതെന്ന് 82-ാം വയസ്സിലും അദ്ദേഹം സന്ദേഹിക്കുന്നു. മദിരാശിയിലെ അന്തരീക്ഷമാണ് അദ്ദേഹത്തെ മുംബൈവഴി കറാച്ചിയിലെത്തിച്ചത്. കേരളത്തിലായിരുന്നെങ്കില്‍ ബിയ്യത്തില്‍ മൊയ്തീന്‍കുട്ടി മറ്റൊരു കുട്ടിയാകുമായിരുന്നു.
കറാച്ചിയാണ് ബിയ്യത്തില്‍ മൊയ്തീന്‍ കുട്ടിയെ മൊഹിയുദ്ദീന്‍  ആക്കിയത്. പേര് പിന്നെയും കുറുകി ബി എം കെ എന്നായി. കറാച്ചി ബി എം കെയ്ക്ക് ഒരു പ്രിയതമയെ നല്‍കി, പാകിസ്ഥാനിലേക്ക് കുടിയേറിയ ഉത്തര്‍പ്രദേശിലെ അംറോഹക്കാരി ബിര്‍ജിസിനെ. (ബിര്‍ജിസ് 2010 മെയില്‍ 72-ാം വയസ്സില്‍ ബി എം കെയെയും ഈ ലോകത്തെയും വിട്ടുപോയി.) പാകിസ്ഥാന്‍ എന്ന രാജ്യം തൊഴിലാളി പാര്‍ടിയുടെ നേതാവെന്ന നിലയ്ക്ക് ബഹുമാനവും സ്നേഹവും നല്‍കി. പാകിസ്ഥാനിലെ വര്‍ക്കേഴ്സ് പാര്‍ടിയുടെ സ്ഥാപകനേതാവാണ് ബി എം കെ. ഇപ്പോള്‍ വര്‍ക്കേഴ്സ് പാര്‍ടിയുടെ ഇന്‍ഫര്‍മേഷന്‍ സെക്രട്ടറിയും പാകിസ്ഥാന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ സെക്രട്ടറിയുമാണ്. പാകിസ്ഥാന്‍ പീസ് അലയന്‍സ് എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. ബി എം കെയ്ക്ക് രണ്ടു മക്കളാണുള്ളത്. മോസ്കോയിലെ ലുമുംബ യൂണിവേഴ്സിറ്റിയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി എന്‍ജിനിയറായി ജോലിചെയ്യുന്ന ജാവേദും ഡോക്ടറായ യാസ്മിനും.

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ശത്രുത ഇല്ലാതാക്കാന്‍ എന്താണൊരു പോംവഴിയെന്ന ചോദ്യത്തിന് അന്നാട്ടിലെ ശക്തനായ ഇടതുപക്ഷ രാഷ്ട്രീയക്കാരന്‍ എന്ന നിലയ്ക്ക് ബി എം കുട്ടിക്ക് വ്യക്തമായ മറുപടിയുണ്ട്. ഭരണാധികാരികള്‍ തമ്മിലുള്ള അടുപ്പത്തേക്കാള്‍ പ്രധാനം ജനങ്ങള്‍ തമ്മിലുള്ള സ്നേഹമാണ്. അതാണ് വളരേണ്ടത്. എല്ലാ ഇന്ത്യക്കാരും ആര്‍എസ്എസുകാരാണെന്നാണ് പാകിസ്ഥാന്‍ ഭരണകൂടങ്ങള്‍ ജനങ്ങളെ പഠിപ്പിച്ചുവച്ചിരിക്കുന്നത്. എല്ലാ പാകിസ്ഥാനികളും തീവ്രവാദികളാണെന്ന് ഇന്ത്യയില്‍ പൊതുധാരണയുള്ളതുപോലെതന്നെ. ഇന്ത്യക്കാരെ ശത്രുക്കളായി കാണാനാണ് പാകിസ്ഥാന്‍കാരെ പഠിപ്പിക്കുന്നത്. പാകിസ്ഥാനില്‍ ചാനലുകള്‍ നൂറ്റൊന്നാണ്. എന്നാല്‍, ഇന്ത്യന്‍ ചാനല്‍ ഒന്നുപോലുമില്ല. പക്ഷേ, ഹോളിവുഡ് നടികളുടെ നഗ്നശരീരം കാണിക്കാന്‍ ഈ ചാനലുകള്‍ക്ക് ഒരു മടിയുമില്ല. പുലരുംവരെ ഇന്ത്യന്‍ സിനിമകള്‍ കാണിക്കും. എന്നാല്‍, വാര്‍ത്തകള്‍ക്ക് പ്രവേശനമില്ല.
പത്രങ്ങള്‍ നേരെ മറിച്ചാണ്. ഡോണ്‍ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ പാക് സര്‍ക്കാരിന്റെ ഇന്ത്യാ വിരുദ്ധ നിലപാടുകളെ അതിരൂക്ഷമായി വിമര്‍ശിക്കുന്നു. ഇരു രാജ്യവും തമ്മിലും ഭിന്നതലത്തിലുള്ള സൌഹൃദം വളരണമെന്നാണ് പാകിസ്ഥാനിലെ എല്ലാ പത്രങ്ങളും ശക്തമായി വാദിക്കുന്നത്. ഇന്ത്യന്‍ പത്രങ്ങള്‍ അത് കണ്ടുപഠിക്കണം. ഇന്ത്യന്‍ പത്രങ്ങള്‍ക്ക് ഗൌരവമേറിയ വിഷയങ്ങളിലല്ല, ഐശ്വര്യറായിയുടെ ഗര്‍ഭംപോലുള്ള ഗോസിപ്പുകളിലാണ് കമ്പം.
സിവിലിയന്‍ സര്‍ക്കാരിന് ഇന്ത്യയുമായുള്ള ബന്ധത്തില്‍ കാര്യമായ മാറ്റം വേണമെന്നാണ് താല്‍പര്യം. അങ്ങേയറ്റം അഴിമതി നിറഞ്ഞ സര്‍ക്കാരാണെങ്കിലും ഇന്ത്യയുമായി സൌഹൃദം ഊട്ടിഉറപ്പിക്കണമെന്ന താല്‍പര്യമാണുള്ളത്. ഭരണത്തില്‍ പട്ടാളമേധാവികളുടെ നിയന്ത്രണം ഇപ്പോഴും ശക്തം. ഇരുരാജ്യങ്ങളും തമ്മില്‍ സൌഹൃദസാധ്യതകള്‍ രൂപപ്പെടുമ്പോള്‍ പട്ടാളം കുത്തിത്തിരിപ്പുണ്ടാക്കും. എന്നാല്‍, പട്ടാളത്തിനുള്ളിലും മനോഭാവം മാറിവരുന്നുണ്ട്. പൊതുസമൂഹത്തിലെന്നപോലെ ഇന്ത്യ-പാക് സൌഹൃദം കാംക്ഷിക്കുന്ന വലിയൊരു വിഭാഗം പട്ടാളത്തിലും വളരുന്നുണ്ട്. തീവ്രവാദത്തെ എതിര്‍ക്കുന്ന ചെറുപ്പക്കാരുടെ സംഘങ്ങള്‍ വിപുലമാകുന്നത് ആശാവഹമാണെന്ന് ബി എം കെ സാക്ഷ്യപ്പെടുത്തുന്നു. തീവ്രവാദ സ്വഭാവമുള്ള മൌലവിമാരുടെ ഫത്വകള്‍ക്ക് പരിഗണിക്കാന്‍ പല ചെറുപ്പക്കാരും തയ്യാറല്ല.

പാകിസ്ഥാനിലെ കമ്യൂണിസ്റ് ഗ്രൂപ്പുകള്‍ ചിതറിപ്പോയതിലുള്ള വിഷമവും ബി എം കെ മറച്ചുവയ്ക്കുന്നില്ല. ആറു വര്‍ഷംമുമ്പ് ഹര്‍കിഷന്‍സിങ് സുര്‍ജിത്തും ബര്‍ദനും പാകിസ്ഥാന്‍ സന്ദര്‍ശിച്ചപ്പോള്‍ വിവിധ കമ്യൂണിസ്റ് ഗ്രൂപ്പുകള്‍ ഒരുമിച്ചാണ് സ്വീകരണങ്ങള്‍ സംഘടിപ്പിച്ചത്. പട്ടാള അട്ടിമറികളാണ് കമ്യൂണിസ്റ് പാര്‍ടിയുടെ പ്രവര്‍ത്തനത്തിന് തിരിച്ചടിയായത്. പക്ഷേ, കമ്യൂണിസ്റ് പാര്‍ടിയുടെ നിലപാടുകള്‍ക്ക് ഇപ്പോഴും നിര്‍ണായകമായ പ്രസക്തിയുണ്ട്- ബി എം കെ പറഞ്ഞു.
യാത്രപറഞ്ഞ് മടങ്ങുമ്പോള്‍ ബി എം കെ തടഞ്ഞു. പെട്ടി തുറന്ന് ഒരു പുസ്തകമെടുത്തു. ആദ്യപേജില്‍ പേരെഴുതി ഒപ്പിട്ട ആത്മകഥയാണത്. അമ്പതുകള്‍വരെയുള്ള കേരളത്തിന്റെയും അതിനുശേഷമുള്ള പാകിസ്ഥാന്റെയും ചരിത്രംകൂടി പ്രതിപാദിപ്പിക്കുന്ന ബി എം കെയുടെ ആത്മകഥയുടെ പേര് 'സിക്സ്റ്റി ഇയേഴ്സ് ഇന്‍ സെല്‍ഫ് എക്സൈല്‍- എ പൊളിറ്റിക്കല്‍ ഓട്ടോബയോഗ്രഫി'. സ്വയം നാടുകടത്തപ്പെട്ടവന്റെ 60 വര്‍ഷങ്ങള്‍. പുസ്തകം സമ്മാനിച്ച് പെട്ടി പൂട്ടുമ്പോള്‍ കീ ചെയ്ന്‍ കൈവെള്ളയില്‍വച്ച് അഭിമാനത്തോടെ കാണിച്ചുതന്നു. തൊഴിലാളികളുടെ ചിത്രവും യുഎസ്എസ്ആര്‍ എന്ന് നാലക്ഷരവും  ആലേഖനംചെയ്ത ശില്‍പ്പഭംഗിയുള്ള ആ കീ ചെയ്ന്‍ മുമ്പെങ്ങോ നടത്തിയ സോവിയറ്റ് യൂണിയന്‍ യാത്രയുടെ ഓര്‍മയാണ്.

1 comment:

  1. ഭാവിയെക്കുറിച്ച് തികച്ചും ശ്ളഥമായ ധാരണകള്‍മാത്രമുള്ള ഒരു കാലത്ത് മുംബൈയില്‍നിന്ന് കറാച്ചിയിലേക്ക് വണ്ടികയറിയതാണ് മൊയ്തീന്‍ കുട്ടി. നാട്ടില്‍ പഠനകാലത്ത് കേരള സ്റുഡന്റ് ഫെഡറേഷന്‍ പ്രവര്‍ത്തകനായിരുന്നു മൊയ്തീന്‍കുട്ടി. തിരൂരിലും ചെന്നൈയിലും ആദ്യകാല കമ്യൂണിസ്റ് നേതാക്കളുമായി അടുപ്പം പുലര്‍ത്തിയ വിദ്യാര്‍ഥി. വിഭജനം ഇന്ത്യയെ ആഴത്തില്‍ മുറിവേല്‍പ്പിച്ച കാലത്ത് 1949ല്‍ മുംബൈയിലെ വര്‍ളിയില്‍ ഒരു കുടുംബസുഹൃത്തിനെ കാണാനെത്തിയ മൊയ്തീന്‍കുട്ടി മുന്നും പിന്നും നോക്കാതെ കറാച്ചിയിലേക്ക്.

    ReplyDelete