Friday 14 October 2011

വീരപുത്രന്‍

"കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ഭീരുത്വത്തെയും മുസ്ളിംപ്രമാണിമാരുടെ രാജ്യദ്രോഹത്തെയും എതിര്‍ത്തുകൊണ്ടും മാപ്പിളമാരുടെ വീരചരിത്രത്തിലഭിമാനം പൂണ്ടുകൊണ്ടും 1921ന്റെ സമരപാരമ്പര്യം കാണിച്ചവരെ നിലനിര്‍ത്തിക്കൊണ്ടും പ്രവര്‍ത്തിച്ച പരേതനായ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ആവേശകരമായ ജീവിതത്തെക്കുറിച്ച്കൂടി ഓര്‍ക്കുന്നു. 1921 മാപ്പിളമാരുടെ സ്വകാര്യസ്വത്തല്ല. മലബാറിന്റെ മുഴുവന്‍ സ്വത്താണ് എന്ന ന്യായത്തിന്മേല്‍ മാപ്പിള ലഹള എന്ന പേരിന് പകരം മലബാര്‍ ലഹള എന്ന പേര് വിളിക്കണമെന്ന് വാദിച്ച പഴയ കെപിസിസി പ്രസിഡന്റിന്റെ ആ അഭിപ്രായത്തെ പാര്‍ടി ഒരിക്കല്‍ കൂടി ശരിവയ്ക്കുന്നു.''


1946 ആഗസ്ത് 20ന് മലബാര്‍ കലാപത്തിന്റെ 25-ാം വാര്‍ഷികത്തില്‍ കലാപത്തെ അനുസ്മരിച്ച് കമ്യൂണിസ്റ് പാര്‍ടി സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച പ്രമേയത്തില്‍ മുന്‍ കെപിസിസി പ്രസിഡന്റായിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെക്കുറിച്ചുള്ള പരാമര്‍ശമാണിത്. രാഷ്ട്രീയ എതിരാളികളായ കമ്യൂണിസ്റുകാരെപ്പോലും ആശ്ചര്യപ്പെടുത്തിയ ഈ നേതാവിനെക്കുറിച്ച് കവിതകളും ജീവചരിത്രങ്ങളും നോവലുകളും ചരിത്രപഠനങ്ങളും ഗവേഷണപ്രബന്ധങ്ങളുമേറെ പുറത്തിറങ്ങിയിട്ടുണ്ട്. അനുഭവങ്ങളുടെയും നിലയ്ക്കാത്ത പോരാട്ടങ്ങളുടെയും തീയില്‍ സ്ഫുടംചെയ്ത ഈ നേതാവിന്റെ വ്യക്തിത്വം സിനിമയില്‍ ആദ്യമായി നിറയുകയാണ്. ചരിത്ര-രാഷ്ട്രീയസിനിമകളെന്ന പേരില്‍ മലയാളത്തില്‍ ഇറങ്ങിയ വികൃതസൃഷ്ടികള്‍ക്കുമുന്നില്‍ കലര്‍പ്പില്ലാത്ത ചരിത്രബോധത്തിന്റെയും സാമൂഹ്യബോധത്തിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വീരപുത്രന്‍ വേറിട്ടുനില്‍ക്കുമെന്ന് സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിന് ആത്മവിശ്വാസം.
മലബാറിന്റെയും കേരളത്തിന്റെയും ചരിത്രവും വര്‍ത്തമാനവും നിര്‍ണയിക്കുന്നതില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ വഹിച്ച പങ്ക് സൂക്ഷ്മമായി പഠിച്ചും ഏറെ ഗൃഹപാഠംചെയ്താണ് പി ടി കുഞ്ഞുമുഹമ്മദ് സാഹസികമായ ഈ ചലച്ചിത്രസംരംഭത്തിന് തയ്യാറായത്. മുഹമ്മദ് അബ്ദുറഹ്മാന്റെ രാഷ്ട്രീയ ജീവിതത്തിന്റെയും വ്യക്തിജീവിതത്തിന്റെയും സൂക്ഷ്മതലങ്ങള്‍ കണ്ടറിഞ്ഞ് തിരക്കഥ തയ്യാറാക്കാന്‍ പി ടി വായിച്ചു തീര്‍ത്ത പുസ്തകങ്ങളും ഗവേഷണപ്രബന്ധങ്ങള്‍ക്കും കണക്കില്ല. മുമ്പൊരു സിനിമയ്ക്കുമുമ്പും ചെയ്യാത്തത്ര തയ്യാറെടുപ്പുകള്‍. തിരുവനന്തപുരത്ത് ഈയാഴ്ചത്തെ ഷൂട്ടിങ് പൂര്‍ത്തിയാകുന്ന വീരപുത്രന്‍ ഒക്ടോബര്‍ 14ന് തിയറ്ററുകളില്‍ എത്തും.
മലബാറിനെ പിടിച്ചുലച്ച കലാപത്തിന് നാന്ദിയായ 1921ലെ ഒറ്റപ്പാലം കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് രാഷ്ട്രീയത്തില്‍ കടന്നുവന്ന ഇരുപത്തിരണ്ടുകാരനായ മുഹമ്മദ് അബ്ദുറഹ്മാന്റെ 23വര്‍ഷം മാത്രം നീണ്ടുനിന്ന രാഷ്ട്രീയജീവിതമാണ് വീരപുത്രനില്‍  പി ടി കുഞ്ഞുമുഹമ്മദ് പകര്‍ത്തുന്നത്. കൃത്യമായി പറഞ്ഞാല്‍ 1921 മുതല്‍ 1945വരെയുള്ള വര്‍ഷങ്ങളില്‍ അദ്ദേഹം ബ്രിട്ടീഷ് വാഴ്ചക്കെതിരെയെന്നപോലെ കോണ്‍ഗ്രസിലെ ജാതിപ്രമാണിമാര്‍ക്കും മുസ്ളിം സമുദായത്തിലെ യാഥാസ്ഥിതികത്വത്തിനും എതിരെ മുഹമ്മദ് അബ്ദുറഹ്മാന്‍ നടത്തിയ പോരാട്ടങ്ങള്‍, അക്കാലത്ത് അനുഭവിച്ച വ്യഥകളും വ്യസനങ്ങളും പീഡനങ്ങളും, രണ്ടുവര്‍ഷം നീണ്ട ബെല്ലാരി ജയില്‍വാസവുമെല്ലാം സിനിമയിലുണ്ട്. ഒപ്പം മുഹമ്മദ് അബ്ദുറഹ്മാനൊപ്പം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച കെ പി കേശവമേനോന്‍, കൃഷ്ണപിള്ള, ഇ എം എസ്, മൊയ്തുമൌലവി, ശാരദ കൃഷ്ണന്‍, കൃഷ്ണന്‍ വക്കീല്‍ എം പി നാരായണമേനോന്‍, മാധവന്‍ നായര്‍, വൈക്കം മുഹമ്മദ് ബഷീര്‍, ഖിലാഫത്ത് പോരാളികളെ പ്രചോദിപ്പിച്ച ആലി മുസ്ല്യാര്‍, വടക്കേ വീട്ടില്‍ മൊയ്തീന്‍ എന്നിവരടക്കം അക്കാലത്തെ രാഷ്ട്രീയനേതാക്കളെ വീരപുത്രനില്‍ അവതരിപ്പിക്കുന്നു.
അഴിമതിഗ്രസ്തമായ ഇന്നത്തെ അവസ്ഥയാണ് ഇത്തരമൊരു സിനിമയിലേക്ക് മുഴുകാന്‍ തന്നെ പ്രചോദിപ്പിച്ചതെന്ന് പി ടി കുഞ്ഞുമുഹമ്മദ് ദേശാഭിമാനിയോട് പറഞ്ഞു. കോമണ്‍വെല്‍ത്ത്, 2ജി പോലുള്ള വലുതും ചെറുതുമായ അഴിമതികള്‍ ജനാധിപത്യവ്യവസ്ഥയെ ജീര്‍ണിപ്പിക്കുന്ന കാലത്ത് അബ്ദുറഹ്മാന്‍ സാഹിബിന്റെ ജീവിതത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമുള്ള അന്വേഷണവും പഠനവും എന്തുകൊണ്ടും പ്രസക്തമാണ്. കേരളീയര്‍ക്ക് എക്കാലവും ഉയര്‍ത്തിപ്പിടിക്കാനുള്ള ഒരു ശക്തമായ ചരിത്രപാരമ്പര്യവും ഭൂതകാലവുമുണ്ടെന്നും അത് മറ്റേത് ജനതയുടെ ചരിത്രത്തെക്കാളും കേമമാണെന്നും ഓര്‍മിപ്പിക്കാന്‍ കൂടിയാണ് ഈ സിനിമ-പി ടി കുഞ്ഞുമുഹമ്മദ് പറയുന്നു. 160ലധികം നടീനടന്മാരും പതിനായിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റുകളുള്ള ബൃഹത്തായ ഒരു ക്യാന്‍വാസിലാണ് സിനിമ വളരുന്നത്. മലബാര്‍ കലാപകാലത്തെ പൂക്കോട്ടൂര്‍ യുദ്ധവും കോഴിക്കോട് കടപ്പുറത്തെ ഉപ്പുസത്യഗ്രഹവും ബെല്ലാരി ജയിലില്‍ അബ്ദുറഹ്മാന്‍ സാഹിബും മോഴികുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരി, ഇ മൊയ്തുമൌലവിയും എം പി നാരായണമേനോനും കൊടിയ പീഡനങ്ങള്‍ക്കിരയായ ബെല്ലാരി ജയിലിന്റെ ദൃശ്യങ്ങളും അത്യധ്വാനംചെയ്താണ് ചിത്രീകരിച്ചത്. കോഴിക്കോട്ടെയും പൊള്ളാച്ചിയിലെയും ഷെഡ്യൂളുകള്‍ പൂര്‍ത്തിയായി. മൊത്തം 55 ദിവസമാണ് ഷൂട്ടിങ്ങിന് വേണ്ടിവന്നത്- പി ടി പറഞ്ഞു.
നരേന്‍ ആണ് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ വേഷത്തില്‍. സാഹിബിന്റെ ഭാര്യ കുഞ്ഞിബീവാത്തുവായി റെയ്മ സെന്നും. സായികുമാര്‍, സിദ്ദീഖ്, വി കെ ശ്രീരാമന്‍, കലാഭവന്‍ മണി, ലക്ഷ്മി ഗോപാലസ്വാമി, ദേവന്‍, അശോകന്‍, റിസ ബാവ, മാമുക്കോയ, മാള അരവിന്ദന്‍, മധുപാല്‍, സുധീഷ് തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നു. എം ജെ രാധാകൃഷ്ണനാണ് ഛായാഗ്രഹണം. മോയിന്‍കുട്ടി വൈദ്യര്‍ഇടശ്ശേരി, അംശി നാരായണപിള്ള, റഫീഖ് അഹമ്മദ് എന്നിവരുടെ കവിതകള്‍ക്ക് രമേശ് നാരായണ്‍ സംഗീതം നല്‍കുന്നു. യേശുദാസ്, ശങ്കര്‍ മഹാദേവന്‍, ശ്രേയ ഘോഷാല്‍, എം ജി ശ്രീകുമാര്‍ എന്നിവരാണ് പാടുന്നത്. ചമയം പട്ടണം റഷീദ്. ഐടിഎല്‍ പ്രൊഡക്ഷന്‍സാണ് നിര്‍മാതാക്കള്‍.