Thursday 27 October 2011

തലസ്ഥാനനഗരം ഒരു മദ്യപാനിയോട് ചെയ്തത്



എന്‍ എസ് സജിത്

അട്ടക്കുളങ്ങരയ്ക്ക് പുരാനി ദില്ലിയുടെ വിദൂരഛായയുണ്ട്. ദില്ലി ഗേറ്റോ തുര്‍ക്മാന്‍ ഗേറ്റോ കശ്മീരിഗേറ്റോ കടന്നുവേണം പുരാനിദില്ലിയുടെ സദാ മിടിക്കുന്ന ഹൃദയത്തിലേക്ക് നൂണിറങ്ങാന്‍. കിഴക്കേകോട്ടയിലെ പദ്മനാഭസ്വാമി ക്ഷേത്രകവാടത്തിനും അട്ടക്കുളങ്ങര ജയിലിന്റെ കൂറ്റന്‍ മതിലിനും അവയുടെ പ്രൌഢിയും പൌരാണികതയുമില്ല. എങ്കിലും അട്ടക്കുളങ്ങരയ്ക്കുമുണ്ട് എവിടെയോ ഒരു പുരാനി ദില്ലി ടച്ച്. പുലരുംവരെ ഉറങ്ങാതിരിക്കുന്ന നോണ്‍വെജ് ഭോജനശാലയാവാം ഈ മുഖഛായയും ഗന്ധവും നല്‍കിയത്. രാത്രി ജീവിതത്തിന്റെ തുടിപ്പ് തൊട്ടറിയാന്‍ തിരുവനന്തപുരത്ത് അട്ടക്കുളങ്ങര മാത്രമേ ഉള്ളൂ.
ഈന്തപ്പഴവും കബാബും മണക്കുന്ന ബല്ലിമറാനിലെയും മീനാ ബസാറിലെയും പോലുള്ള ഉന്മാദിയായ റംസാന്‍ രാത്രികള്‍ ഇവിടെ ഉണ്ടാവില്ല. ദര്‍ഗകളിലെ ഭ്രമാത്മകമായ സൂഫി സംഗീതത്തിനും സബാഷ് വിളികള്‍ക്കും പകരം വാരകള്‍ക്കപ്പുറത്തെ തീര്‍ഥപാദമണ്ഡപത്തിലെ കര്‍ണാടിക് സദിരുകളുടെ ചിട്ടയായ താളംപിടിക്കലും ദുര്‍ബലമായ കയ്യടികളുമുണ്ട്. ലൈലത്തുല്‍ ക്വദ്റില്‍ (റംസാനിലെ ഇരുപത്തേഴാം രാവ്) ജുമാമസ്ജിദിന്റെ ഉയരത്തിലുള്ള പടികളില്‍ നിലാവിന് കീഴെ കൂട്ടുകാരിയെ മുട്ടിയിരുന്ന്  കബാബിയാന്‍ ഗലിയുടെ രുചി നുകര്‍ന്ന് കവാലി കേള്‍ക്കുന്നതിനോളം വരില്ല അത്. എങ്കിലും രാത്രിജീവിതത്തിന്റെ ദുര്‍ബലമെങ്കിലും ആവേശകരമായ താളമുണ്ട് അട്ടക്കുളങ്ങരയ്ക്ക്.


ചൂടുള്ള പുട്ടും ആട്ടിറച്ചിയും കഴിക്കാനുള്ള അടങ്ങാത്ത മോഹമാണ് കഴിഞ്ഞ രാത്രിയില്‍ ഞങ്ങളെ അട്ടക്കുളങ്ങരയിലേക്ക് നയിച്ചത്. പത്തുവര്‍ഷത്തിനുശേഷം വീണ്ടും ഈ നഗരത്തില്‍ ഒരു നൈറ്റ്റൈഡ്്. രാത്രി 12മണി. ഒരു ബൈക്കും മൂന്നുപേരും. ഹെല്‍മറ്റില്ല. സാരമില്ല. കാര്‍ഡ് കാട്ടി രക്ഷപ്പെടാം. തമ്പാനൂര്‍ ഓവര്‍ബ്രിജ് കടന്നു, പഴവങ്ങാടി ഗണപതിയോട് സലാം പറഞ്ഞു.  പുത്തരിക്കണ്ടത്തിന്റെയും ഗാന്ധിപാര്‍ക്കിന്റെയും പുതിയ സുന്ദരമുഖത്തെക്കുറിച്ച് അജയന്റെ ഹ്രസ്വമായ പ്രഭാഷണം.  അവിടവിടെ നില്‍ക്കുന്നു പൊലീസുകാര്‍. ഞങ്ങളെയും ഞങ്ങള്‍ അവരെയും കണ്ടില്ലെന്ന് നടിച്ചു. ശ്രീപദ്മനാഭസ്വാമി ക്ഷേത്ര കവാടത്തിന് അഭിമുഖമായുള്ള ഗാന്ധിപാര്‍ക്കിന് പുതുശോഭയുണ്ട്. ഹാലജന്‍ വിളക്കുകള്‍ പാര്‍ക്കിന്റെ ശോഭ കൂട്ടുന്നുണ്ട്. ഇരുട്ടില്‍ ക്ഷേത്രഗോപുരം കാണില്ലെന്നറിയാമായിരുന്നിട്ടും കണ്ണുകള്‍ അങ്ങോട്ടുനീങ്ങി. 
അവിടെനിന്ന് നോക്കിയാല്‍ അട്ടക്കുളങ്ങരയിലെ ബുഹാരി കാണാം. ഉമിനീര്‍ ഗ്രന്ഥികള്‍ ഉത്തേജിതമായി. മനസ്സില്‍ ആവി പറക്കുന്ന പുട്ടും ആട്ടിറച്ചിയും. പിന്നിലിക്കുന്ന സനലാണ് പൊടുന്നനെ ആ കാഴ്ച കാണിച്ചുതന്നത്. "അണ്ണാ, ഒരാള്‍....ഉടുക്കാതെ...വണ്ടി നിര്‍ത്ത്''. വണ്ടി നിര്‍ത്താതെ മീഡിയന്റെ അറ്റത്ത് ചെന്ന് യൂടേണ്‍ എടുക്കുമ്പോള്‍ അജയന്റെ ആജ്ഞ: "മൊബൈല്‍ ക്യാമറ റെഡിയാക്ക്.'' "എന്ത് കാര്യമുണ്ട്? അയാളെ വിട്ടേക്ക്. ഇതൊക്കെ എത്രകണ്ടതാ?'' എന്റെ നിസ്സംഗ പ്രതികരണത്തിന്് അവരുടെ ഉത്സാഹത്തെ ശമിപ്പിക്കാനായില്ല.
വണ്ടിയിലിരുന്ന് ഫോട്ടോയെടുത്തപ്പോള്‍ സനലിന് തൃപ്തിപോര. വണ്ടി നിര്‍ത്തി. കഥാനായകന്‍ വെള്ളത്തിലിട്ട ബ്ളേഡ്പോലെ ലക്കില്ലാതെ നീങ്ങുന്നു. നൂല്‍ബന്ധമില്ല. കൊല്ലം സുപ്രിമിന് മുന്നിലുള്ള നിയോണ്‍ വെളിച്ചത്തില്‍ മുഖത്തെക്കാള്‍ വ്യക്തമായി നഗ്നത കാണാം. ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്നും ഫോട്ടോ എടുക്കുകയാണെന്നറിഞ്ഞിട്ടും ഒരു കൂസലുമില്ല. കുറച്ചുകൂടി അടുത്തുചെന്നപ്പോള്‍ മുഖം വ്യക്തമായികണ്ടു. കണ്ണുകളില്‍ ഭ്രാന്തിന്റെ ഉന്മാദചലനങ്ങളില്ല. ഭ്രാന്തനല്ല, തീര്‍ച്ച. മെലിഞ്ഞ് വൃത്തിയുള്ള ശരീരം. വിടര്‍ന്ന കണ്ണുകളെ ലഹരി കീഴടക്കിയിട്ടുണ്ട്. അല്‍പ്പം മുമ്പ് വിവസ്ത്രനായപോലെ. ദേഹത്ത് മണ്ണ് പുരണ്ടിട്ടില്ല.

ക്ഷേത്രം ലക്ഷ്യമാക്കിയാണ് ദിഗംബരയാത്ര. മുന്നില്‍ ശ്രീപ്ദമനാഭന്‍. ഇപ്പുറത്ത് അഭേദാനനന്ദാശ്രമത്തിലെ വിഘ്നേശ്വരന്‍. മറുവശത്ത് ദുര്‍ഗ. നടുവില്‍ പദ്മതീര്‍ഥക്കുളം. മനസ്സിലൊരു കൊള്ളിയാന്‍ മിന്നി. ഏതെങ്കിലും ഭ്രാന്തന്മാരോ സമൂഹവിരുദ്ധരോ കണ്ടാല്‍...പണ്ടൊരിക്കല്‍ ചാനല്‍ക്യാമറകളെയും ചുറ്റുംകൂടിയ പതിനായിരക്കണക്കിന്  മനുഷ്യരെയും സാക്ഷിയാക്കി ഒരു ഭ്രാന്തന്‍ ഒരാളെ കൊന്നതിന്റെ വിഹ്വലമായ ഓര്‍മകള്‍ ഈ കുളത്തിലെ ഓളങ്ങള്‍ മറന്നിട്ടുണ്ടാവില്ല. മനസ്സില്‍ വല്ലാത്തൊരാന്തല്‍. ബാലമുരളീകൃഷ്ണയുടെ ഗാഢസ്വരം മനസ്സില്‍ മുഴങ്ങുന്നു: "പദ്മനാഭ ദീനബന്ധോ...''
അയാള്‍ക്ക് ചുറ്റും രണ്ടുമൂന്നുപേര്‍ കൂടിയിട്ടുണ്ട്. തൊട്ടടുത്ത ഷോപ്പിങ് കോംപ്ളക്സിലെയും എടിഎമ്മിലെയും സെക്യൂരിറ്റിക്കാര്‍. ഒരാള്‍ ചൂരല്‍ കൊണ്ട് ദിഗംബരന്റെ നഗ്നമായ ചന്തിക്കൊരു പെട. പുളഞ്ഞുപോയി ആ മനുഷ്യന്‍.  സനല്‍ അതും പകര്‍ത്തി.  എന്നിട്ടും ലഹരിയുടെ ആഴങ്ങളില്‍ നിന്ന് ഉണര്‍വിലേക്ക് മുങ്ങിനിവരാന്‍ അയാള്‍ക്കാവുന്നില്ല. നഗ്നതയെക്കുറിച്ച് ബോധ്യവുമില്ല. പക്ഷേ അതുവരെയില്ലാത്ത ഒരു കുറ്റബോധം അയാളില്‍ നിഴലിച്ചുവരുന്നുണ്ട്. അയാള്‍ കുളത്തിന്റെ തെക്കുകിഴക്കേ മൂലയിലുള്ള രക്തസാക്ഷി സ്തൂപത്തിന് സമീപമെത്തി.
"അണ്ണാ, തോളിലുള്ള തോര്‍ത്ത് അയാള്‍ക്ക് ഉടുക്കാന്‍ കൊടുക്ക്. തല്ല് എന്നിട്ടാവാം. രാത്രിയും തീര്‍ഥാടകര്‍ വരുന്ന സ്ഥലമാണ്''-അജയന്‍ പറഞ്ഞു. തോര്‍ത്ത് തരാനാവില്ലെന്ന് സെക്യൂരിറ്റി തീര്‍ത്തു പറഞ്ഞു. ദൂരെ ക്ഷേത്രമുറ്റത്ത് പൊലീസിന്റെ വെളുത്ത ക്വാളിസ്. അവിടെ ചെന്ന്് വിവരം പറഞ്ഞു. പ്രതീക്ഷിച്ച നിസ്സംഗത തന്നെ. പത്രക്കാരാണെന്ന് പറഞ്ഞപ്പോള്‍ വേണ്ടാത്ത കാര്യത്തിന് എന്തിനാ മാഷേ ഇടപെടുന്നതെന്ന മട്ടിലുള്ള ഒരു നോട്ടം. നിരാശരായി മടങ്ങുമ്പോള്‍ നമ്പര്‍ മനസ്സില്‍ കുറിച്ചു. കെ എല്‍ 01 എക്സ് 9387.

എതിരെ ബൈക്കില്‍ വരുന്ന ചെറുപ്പക്കാരന്‍ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ട്. വണ്ടിനിര്‍ത്തി അയാള്‍ ക്ഷേത്രത്തിന്റെ  കല്‍പ്പടവുകളില്‍ ഓടിക്കയറി. മടങ്ങിവരുമ്പോള്‍ കയ്യിലൊരു മുണ്ട്. പാന്റ്സ് ധരിച്ചെത്തുന്ന തീര്‍ഥാടകര്‍ക്ക് വാടകയ്ക്കു നല്‍കുന്ന മുണ്ടുകളിലൊന്നാവാം. അത് ദിഗംബരന് നല്‍കി, നന്ദിവാക്ക് കാക്കാതെ ഇരുളില്‍ മറഞ്ഞു.
കാര്യങ്ങള്‍ ഭയപ്പെട്ടപോലെ മോശമാവുന്നില്ല. നഗ്നനായ ഒരു മദ്യപാനിക്ക് പാതിരാത്രിയില്‍ മുണ്ടുനല്‍കാന്‍ മാത്രം നന്മയുള്ള നഗരം. മുണ്ടുടുത്ത ദിഗംബരനെ ഒന്നു വിസ്തരിക്കാം. അജയന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി. വീടുനില്‍ക്കുന്ന സ്ഥലവും വീട്ടിലെ മൊബൈല്‍ നമ്പറും പറയുമ്പോള്‍ ഒരു പതര്‍ച്ചയുമില്ല. ആള്‍ ചില്ലറക്കാരനല്ല. വന്‍തുക ശമ്പളം പറ്റുന്ന അസ്സല്‍ പ്രൊഫഷണല്‍. ഭാര്യയും മക്കളുമുണ്ട്. എവിടെയോ കമ്പനി കൂടി കോണ്‍ തെറ്റിയതാണ്. വീട്ടിലേക്കുള്ള വഴിയില്‍ പണവും മൊബൈലും ആരോ കൊള്ളയടിച്ചു (അടിവസ്ത്രം പോലും). തന്ന നമ്പര്‍ വിളിച്ചപ്പോള്‍ മറുപടിയില്ല. ആളെ എങ്ങനെയെങ്കിലും  വീട്ടിലെത്തിക്കണം. ഓട്ടോക്ക് അധികം അലയേണ്ടി വന്നില്ല. ചെറുപ്പക്കാരനായ ഡ്രൈവര്‍ പറഞ്ഞു. "സ്ഥലം അടുത്താണ്, കൊണ്ടുവിടാം. പക്ഷേ സാറമ്മാര്‍ കൂടെ വരണം. ഒറ്റക്ക് ഈ സാധനത്തെ ചുമക്കാന്‍ വയ്യ.''
സനലും അയാളും ഓട്ടോയില്‍. ബൈക്കില്‍ ഞങ്ങള്‍ പിന്തുടര്‍ന്നു. അയാളുടെ വീടുനില്‍ക്കുന്ന തെരുവിലെത്തി. അസമയത്ത് ചിലരെ കണ്ട് ബൈക്കില്‍ അവിടെയെത്തിയ പൊലീസും ഞങ്ങളെ സഹായിച്ചില്ല. ഞങ്ങളോട് യാത്ര പറയാതെ അയാള്‍ ആ തെരുവിലെ ഇരുളില്‍ മറഞ്ഞു. അവിടെത്തന്നെയാണോ അയാള്‍ക്ക് പോകേണ്ടിയിരുന്നത്? ആര്‍ക്കറിയാം?
മുണ്ട് നല്‍കിയ ചെറുപ്പക്കാരന്റെയും കാശുവാങ്ങാന്‍ കൂട്ടാക്കാതിരുന്ന ഓട്ടോ ഡ്രൈവറുടെയും നന്മ നിറഞ്ഞ മനസ്സുകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ബുഹാരിയിലെ ചൂടു പുട്ടില്‍ കൈയമര്‍ത്തുമ്പോള്‍ വാച്ച് നോക്കി. സമയം പുലര്‍ച്ചെ 1.30.
(2010 ഒക്ടോബര്‍ 22ന് ദേശാഭിമാനി തിരുവനന്തപുരം എഡിഷനില്‍ പ്രസിദ്ധീകരിച്ചത്)

2 comments:

  1. ഇതിപ്പോഴാണ് വായിച്ചത്.. ടച്ചിങ്ങ്...

    ReplyDelete
  2. സ്ഥിരബോധമുള്ള ഒരാള്‍ക്ക്‌ ജീവിക്കാന്‍ പറ്റാത്തതാണ് ഈ ലോകം എന്നുരപ്പുള്ളതുകൊണ്ടാകാം ഒരുവന്‍ വ്യ്കുനേരം കുടിക്കാന്‍ പോകുന്നത്. മദ്യപിക്കുംപോല്‍ മനുഷ്യര്‍ മതിലുകളെ തിരിച്ചറിയുന്നു. സജിത്ത്...ഈ കുറിപ്പ് ഒരിക്കല്‍ കൂടി വിജയന്‍ മാഷുടെ താജ് അനുസ്മരണ പ്രഭാഷണം ഒര്ര്ര്‍മ്മപ്പെടുത്തി...നന്ദി..

    ReplyDelete