Tuesday 18 October 2011


എന്‍ എസ് സജിത്
പല നൂറ്റാണ്ടുകള്‍ ഒരു കവലയില്‍ ഒന്നിച്ചപോലെയാണ് ഹൈദരാബാദ് നഗരം. സൈബറാബാദ് എന്നുപേരിട്ട ഹൈടെക് സിറ്റിയുടെയും ബഞ്ചാരഹില്‍സിന്റെയും വര്‍ണപ്പൊലിമയ്ക്കാണോ അതോ പഴയനഗരത്തിലെ പ്രതാപം കൈവിടാത്ത പഴയ ഹവേലികള്‍ക്കാണോ സൌന്ദര്യമെന്ന് ആരും സംശയിച്ചുപോകും. കാലമേല്‍പ്പിച്ച ജരാനരകളിലും പ്രൌഢി വെടിയാത്ത ചാര്‍മിനാറും മെക്ക മസ്ജിദും ഫലാക്നൂമ കൊട്ടാരവും ഇനിയും നൂറ്റാണ്ടുകളുടെ മഞ്ഞും മഴയും വെയിലുമേല്‍ക്കാന്‍ തയ്യാറാണെന്ന മട്ടിലാണ് ഉയര്‍ന്നു നില്‍ക്കുന്നത്. ഹൈദരാബാദ്, സെക്കന്തരാബാദ് ഇരട്ടനഗരങ്ങളെ പകുക്കുന്ന ഹുസൈന്‍സാഗര്‍ തടാകം. തടാകത്തിന് നടുവില്‍ നഗരത്തിരക്കുകളെ ശാന്തമായ പുഞ്ചിരിയോടെ നോക്കിനില്‍ക്കുന്ന പടുകൂറ്റന്‍ ബുദ്ധപ്രതിമ. നഗരത്തിന്റെ മാറിലൂടെ ഒഴുകുന്ന മൂസി നദി. എല്ലാം യാത്രികരെ ഇവിടേക്ക് പലയാവര്‍ത്തി ഇവിടേക്ക് ക്ഷണിക്കും. പലയിടത്തും വറ്റിവരണ്ടാണൊഴുകുന്നതെങ്കിലും മൂസി നദി ഒരു കാലത്ത് സമൃദ്ധമായിരുന്നതിന്റെ പ്രകടമായ സൂചനകള്‍ അത് തരുന്നുണ്ട്.
ഉറുദുവും തെലുങ്കും ഒരുപോലെ രേഖപ്പെടുത്തിയ പരസ്യബോര്‍ഡുകള്‍ നിറഞ്ഞ പഴയ നഗരത്തിന്റെ മതില്‍ക്കെട്ടുകളുടെ ഓരംപറ്റി യാത്രചെയ്താല്‍ എത്തുക മറ്റൊരു ലോകത്താണ്. അത് ഈ നൂറ്റാണ്ടിലെ വിദഗ്ധനായ ഏതു വാസ്തുശില്‍പ്പിയെയും അതിശയിപ്പിക്കുന്ന ഗോല്‍ക്കൊണ്ട കുന്നിലെ കോട്ടയില്‍. അവിടേക്ക് നഗരത്തില്‍നിന്ന് 12 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മതി. ഈ സഹസ്രാബ്ദത്തിന്റെ ആദ്യനൂറ്റാണ്ടുകളില്‍ പണിത ഈ കോട്ട ഇപ്പോഴും വലിയ കേടുപാടുകളില്ലാതെ നിലനില്‍ക്കുന്നതിന് കാകതിയ രാജാക്കന്മാരോടും ബഹ്മനി രാജവംശത്തോടും കുത്തുബ് ശാഹി രാജവംശത്തോടുമെന്നപോലെ 1954ല്‍ ഇത് ഏറ്റെടുത്ത് സംരക്ഷിക്കുന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോടും നന്ദി പറയണം.
കോഹിനൂര്‍ ഉള്‍പ്പെടെയുള്ള രത്നങ്ങളുടെ സങ്കേതമായിരുന്ന ഈ കോട്ടയുടെ ചരിത്രം തിരഞ്ഞുപോയാല്‍ നാമെത്തും എഡി ഒമ്പതാംനൂറ്റാണ്ടില്‍. വാറംഗല്‍ കേന്ദ്രമാക്കി ഈ പ്രദേശം ഭരിച്ച കാകതിയ രാജാക്കന്മാരാണ് ഈ പ്രദേശത്ത് കോട്ടകെട്ടാന്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍, കാകതിയ രാജാക്കന്മാരില്‍നിന്ന് ഈ പ്രദേശം പിടിച്ചെടുത്ത ബഹ്മനി രാജവംശമാണ് ഇവിടെ കോട്ടയുടെ നിര്‍മാണം തുടങ്ങിവച്ചത്. ഗോല്‍ എന്ന വാക്കിന് ഇടയന്‍ എന്നും കൊണ്ട എന്ന വാക്കിന് കുന്ന് എന്നുമാണ് അര്‍ഥം. അങ്ങനെയാണ് ഈ പ്രദേശത്തിന് ഗോല്‍ക്കൊണ്ട എന്ന് പേരുവന്നതെന്നാണ് ഐതിഹ്യം. ഇന്ത്യന്‍ വാസ്തുവിദ്യകളുടെ സംഗമമായ ഈ കോട്ടയില്‍ ദിവസവും ആയിരങ്ങളാണ് എത്തുന്നത്.
1363ല്‍ കാകതിയ രാജാക്കന്മാരെ പരാജയപ്പെടുത്തി ആധിപത്യമുറപ്പിച്ച ബഹ്മനി രാജാക്കന്മാരാണ് കോട്ടനിര്‍മാണത്തിന് തുടക്കമിട്ടത്. 16-ാം നൂറ്റാണ്ടില്‍ പ്രദേശം പിടിച്ചെടുത്ത കുത്തുബ് ശാഹി രാജവംശത്തിന്റെ 169 വര്‍ഷത്തെ ഭരണകാലമാണ് ഈ കോട്ടയുടെ പുഷ്കലകാലം. ഗോല്‍ക്കൊണ്ട കുന്നുകളില്‍ എണ്ണം പറഞ്ഞ ഈ കോട്ട നിര്‍മിക്കപ്പെട്ടത് ഇക്കാലത്താണ്. 67 വര്‍ഷംകൊണ്ടാണ് കുത്തുബ് ശാഹി രാജവംശം ഇവിടത്തെ മണ്‍കോട്ടയെ ഇപ്പോള്‍ കാണുന്നവിധം പൂര്‍ണസജ്ജമായ കോട്ടയാക്കി മാറ്റിയെടുത്തത്. 1687 ജനുവരിയില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ്, അബ്ദുള്‍ ഹസന്‍ കുത്തുബ് ഷായെ യുദ്ധത്തില്‍ പരാജയപ്പെടുത്തുന്നതുവരെ തുടര്‍ന്നു കുത്തുബ് ശാഹി രാജവംശത്തിന്റെ ഭരണം.
കരസേനയുടെ കന്റോണ്‍മെന്റ് ചുറ്റിവേണം ഗോല്‍ക്കൊണ്ട കോട്ടയിലെത്താന്‍. കോട്ടയുടെ കൂറ്റന്‍ കവാടം കടന്നാല്‍ പിന്നെ മറ്റൊരു ലോകം. നൂറ്റാണ്ടുകള്‍ നീണ്ട രാജഭരണം ഈ ഗ്രാനൈറ്റ് കുന്നിനെ ഇന്നത്തെ തലമുറയ്ക്ക് ചരിത്രവും വാസ്തുവിദ്യയും പഠിക്കാനുതകുന്ന ഒരു പാഠപുസ്തകമാക്കി മാറ്റിയിരിക്കയാണ്. വിശാലമായ കോട്ടയുടെ അസംഖ്യം ചത്വരങ്ങളിലേക്ക് പ്രവേശിച്ചാല്‍ ഒരു രാവണന്‍കോട്ടതന്നെ.  പതിനൊന്നു കിലോമീറ്റര്‍ ചുറ്റളവുള്ള കോട്ടയുടെ ഏറ്റവും മുകളറ്റത്തുള്ള പള്ളിയിലെത്താന്‍ നാനൂറടി ഉയരത്തില്‍ നടന്നു കയറണം. പക്ഷേ, കവാടത്തില്‍നിന്ന് ഒന്നു കൈമുട്ടിയാല്‍ മതി ഏറ്റവും ഉയരത്തിലുള്ള കൊത്തളങ്ങളിലുള്ളവര്‍ക്ക് അത് വ്യക്തമായി കേള്‍ക്കാം. കോട്ട കാക്കാന്‍ മുകളിലെ കാവല്‍മാടത്തില്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് കവാടത്തിലെ ഓരോ ചലനവും സൂക്ഷ്മമായി മനസ്സിലാക്കാനുള്ള പുരാതന വാസ്തുശില്‍പ്പവിദ്യയുടെ അത്ഭുതമാണത്. അര്‍ധവൃത്താകാരമായ 87 കൊത്തളം കോട്ടയില്‍ എണ്ണിയെടുക്കാം. പലതിനുമുകളിലും കൂറ്റന്‍ പീരങ്കികള്‍ ഇപ്പോഴുമുണ്ട്. അന്തപ്പുരങ്ങള്‍, ക്ഷേത്രം, പള്ളി, ആയുധപ്പുരകള്‍, കുതിരലായങ്ങള്‍, വിശാലമായ ഹാളുകള്‍, പൂന്തോട്ടങ്ങള്‍, ഊട്ടുപുരകള്‍, അടിമകള്‍ക്കു മാത്രമായുള്ള വാസസ്ഥലങ്ങള്‍ എല്ലാം ഈ സമുച്ചയത്തിലുണ്ട്.




നേര്‍ത്ത സ്വകാര്യംപോലും ഉച്ചത്തില്‍ കേള്‍ക്കുന്ന അന്തപ്പുരവാതിലുകള്‍ ഇന്നത്തെ വാസ്തുശില്‍പ്പികളെ അത്ഭുതപ്പെടുത്തുമെന്ന് തീര്‍ച്ച. രാജാക്കന്മാര്‍ പൊതുജനങ്ങളുമായി സംസാരിക്കുന്ന സ്ഥലത്തിനുമുണ്ട് പ്രത്യേകത. സുരക്ഷയ്ക്ക് ഇത്രയേറെ പ്രാധാന്യം നല്‍കിയ കോട്ടകള്‍ ഇന്ത്യയില്‍ വേറെയുണ്ടോ എന്ന് സംശയിക്കണം. ഒരു കൊത്തളത്തില്‍ നില്‍ക്കുന്ന രാജാക്കന്മാര്‍ താഴെ നില്‍ക്കുന്ന പൊതുജനങ്ങളുമായി സംസാരിക്കുമ്പോള്‍ അവിടെയുണ്ടാകുന്ന ചെറു ശബ്ദംപോലും പല മടങ്ങായി പ്രതിധ്വനിക്കാനുള്ള സംവിധാനവും അത്ഭുതകരം. ശത്രു വാള്‍ വീശുന്നതോ തോക്കെടുക്കുന്നതോ അറിയാനുള്ള എന്‍ജിനിയറിങ് വൈദഗ്ധ്യം.
രാജാവിന്റെ ഡര്‍ബാറില്‍നിന്ന് കോട്ടയുടെ മറ്റിടങ്ങളിലേക്കുള്ള അതിനിഗൂഢമായ തുരങ്കങ്ങളാണ് മറ്റൊരു വാസ്തുവിദ്യാവിസ്മയം. ഒരു ടണല്‍ ചെന്നെത്തുന്നത് കിലോമീറ്റര്‍ അകലെയുള്ള ചാര്‍മിനാറിലാണെന്നും കഥയുണ്ട്. കുത്തുബ് ശാഹി രാജാക്കന്മാരുടെ കാലത്ത് ആഫ്രിക്കയില്‍നിന്ന് കൊണ്ടുവന്ന കറുത്തവരായ അടിമകളായിരുന്നത്രേ കോട്ടയിലെ സേവകര്‍. കുന്നിനു താഴെയുള്ള കൂറ്റന്‍ തടാകത്തില്‍നിന്ന് മുകളിലെ ശാഹി ദര്‍ബാറിലേക്കുവരെ ഫലപ്രദമായി വെള്ളമെത്തിക്കാനുള്ള സംവിധാനവും ഇവിടെയുണ്ടായിരുന്നെന്ന് അവശിഷ്ടങ്ങള്‍ നമ്മോട് പറയും.

No comments:

Post a Comment